ഇന്ന് ക്യാമ്പിൽ നിന്ന് വീട്ടിലേക്കു പോവുകയാണ്. ഹൃദയം ഉത്കണ്ഠാകുലമാണ്. എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം. മൂന്നു ദിവസങ്ങൾക്കു മുൻപാണ് പ്രളയം ഉണ്ടായത്. പ്രളയം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. 'അമ്മ പോവുന്ന വഴിയിലെല്ലാം പറഞ്ഞു കൊണ്ടിരുന്നത് വീട്ടു സാധനങ്ങളെ കുറിച്ച് ആയിരുന്നു. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് 'അമ്മ അതെല്ലാം ഉണ്ടാക്കിയത്. അയൽവക്കകാരുടെയെല്ലാം ആവലാതി അത് തന്നെ ആയിരുന്നു. പൊട്ടി പൊളിഞ്ഞ റോഡുകളും ചെളി നിറഞ്ഞ മുറ്റങ്ങളും ഞങ്ങളെ വരവേറ്റു. തല ഉയർത്തി നിന്നിരുന്ന മരങ്ങളെല്ലാം തല താഴ്ത്തി എളിമയോടെ നിൽക്കുന്നു. പ്രളയം അപ്രതീക്ഷിതമായി വിരുന്നു വന്നു പോയതിന്റെ അവശേഷിപ്പുകൾ പിന്നെയും ഉണ്ടായിരുന്നു.
അമ്പലത്തിനു മുന്നിൽ എത്തിയപ്പോൾ ചെളി നിറഞ്ഞു കട്ട പിടിച്ചു കിടക്കുന്ന അമ്പല മുറ്റം. "എന്റെ ദേവീ" അമ്മ പറഞ്ഞു.
ഞാൻ ഒരു നിമിഷം മനസ്സിൽ പറഞ്ഞു;
'ദേവീ എന്റെ ഡയറി, അതിനൊന്നും പറ്റിയിട്ടെണ്ടാവല്ലേ'
അതായിരുന്നു എന്റെ ആവലാതി! എൻെറ ഡയറി കുറിപ്പുകൾ.
ചെറുപ്പത്തിൽ തുടങ്ങിയ ശീലമായിരുന്നു ഡയറി എഴുത്ത്. അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മയും ഞാനും മാത്രമായിരുന്നു വീട്ടിൽ. ശനിയാഴ്ച ദിവസങ്ങളിൽ 'അമ്മ ജോലിക്കു പോയി കഴിഞ്ഞാൽ പിന്നെ ഞാൻ ഒറ്റയ്ക്കാവും. വെക്കേഷൻ സമയത്തും ഒറ്റയ്ക്കിരുന്നു മടുക്കും. 'അമ്മ ജോലിക്കു പോവുന്ന കമ്പനിയിൽ നിന്നുമാണ് ആദ്യമായി ഡയറി കിട്ടുന്നത്. അങ്ങനെ വെറുതെ ഇരിക്കുമ്പോൾ എഴുതാൻ തുടങ്ങി. മനസ്സിൽ തോന്നുന്നത് ഒക്കെ എഴുതും. എനിക്ക് സങ്കടം വരുമ്പോൾ ഡയറി എഴുതുന്നത് പതിവായി. സങ്കടങ്ങളെല്ലാം അച്ഛനോട് പറയുന്നത് പോലെയാണ് എഴുതുന്നത്. പിന്നെ പിന്നെ ഓരോ സങ്കടം വരുമ്പോഴും ഡയറി എഴുതുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല.
അമ്പലത്തിൽ പോകുവാനും പഠിക്കാൻ പോകുവാനും മാത്രമാണ് ഞാൻ വീടിനു പുറത്തേക്ക് പോയിരുന്നത്. ക്‌ളാസ്സിൽ ഞാൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. തൊട്ടടുത്ത് ഇരിക്കുന്ന കുറച്ചു പേരോട് മാത്രമായിരുന്നു എന്റെ സൗഹൃദം. "ഈ കുട്ടിയെന്താ ആരോടും മിണ്ടാത്തത് ?" "ഇതൊരു അവാർഡ് പടം പോലെ ആണല്ലോ?" എന്നൊക്കെ പലപ്പോഴും എന്നെ കുറിച്ച് പറയാറുണ്ടായിരുന്നു. "എന്താ ആരോടും മിണ്ടാത്തത്?" എന്ന ചോദ്യം ഞാൻ വെറുത്തിരുന്നു. വീട്ടിൽ മുറിക്കുള്ളിലായിരുന്നു എന്റെ ലോകം. എന്റെ മനസ്സ് എവിടെയൊക്കെ സഞ്ചരിച്ചിരുന്നു എന്ന് എനിക്ക് മാത്രം അറിയാം! ക്ലാസ്സിലെ എല്ലാവരോടും സൗഹൃദത്തിലാവുന്നതും കുറേ സുഹൃത്തുക്കളെ സമ്പാദിക്കുന്നതും സങ്കൽപ്പ ലോകത്തു മാത്രം ഒതുങ്ങി.
സങ്കൽപ്പ ലോകത്തു കൂടെയുള്ള എന്റെ യാത്രകൾക്ക് പരിധികൾ തന്നെ ഇല്ലാതായി. വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ എന്റെ മുൻപിൽ വന്നു നിൽക്കുവാൻ തുടങ്ങി. ഇരുട്ടിൽ ഇരിക്കുവാൻ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിഷാദത്തിന്റെ നീല താഴ്‌വരയിലേക്ക് ഞാൻ ഇറങ്ങി ചെല്ലുകയായിരുന്നു. ഏകാന്തതയിലെ മഞ്ഞ ശലഭങ്ങൾ എന്നെ അനുധാവനം ചെയ്തു. മനസ്സിൽ നിന്നും എല്ലാം ഡയറിയിലേക്കും ഒഴുകാൻ തുടങ്ങി. ആ ഡയറികളാണ് ഇപ്പോൾ ഓർത്തു പോയത്.
പ്രളയം വന്നപ്പോൾ വീട്ടിൽ നിന്ന് പോന്നതാണ്. ഡയറികൾ എന്റെ മുറിക്കുള്ളിൽ ആയിരുന്നു. പെട്ടെന്നായിരുന്നു വെള്ളം പൊങ്ങിയത്. ഇനിയും നിന്നാൽ വെള്ളം പൊങ്ങും എന്ന് കുറെ ആളുകൾ വന്നു പറഞ്ഞു. മുട്ട് വരെ വെള്ളം നിറഞ്ഞിരുന്നു. അപ്പോഴേക്കും ഞങ്ങൾ ഇറങ്ങി. പിന്നീട് അറിഞ്ഞത് ഞങ്ങളുടെ പ്രദേശം ഏകദേശം മുഴുവനായി മുങ്ങി എന്നാണ്. എന്റെ ഡയറികൾ!! എന്റെ തലക്കുള്ളിൽ ഒരു ഇരമ്പൽ പോലെ തോന്നി.
വിഷാദത്തിന്റെ നീല താഴ്വരകളിലേക്ക് ഞാൻ ഇറങ്ങി നടക്കുമ്പോൾ കണ്ട കാഴ്ചകൾ കവിതകളായും കഥകളായും കോറിയിട്ട ഡയറികൾ. പ്രത്യാശയുടെ ശലഭങ്ങൾ എനിക്ക് ചുറ്റും നൃത്തം ചെയ്യുമ്പോൾ എഴുതിയിട്ട വരികൾ. സങ്കടം വരുമ്പോൾ, അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുമ്പോൾ, അച്ഛന് എഴുതിയിരുന്ന കത്തുകൾ. ക്ലാസ്സിലെ ആരോടും മിണ്ടാത്ത എന്നെ ശ്രദ്ധിക്കാറുണ്ടെന്നും ഇഷ്ടമാണെന്നും ഒരു ദിവസം ക്ലാസ് കഴിഞ്ഞു പോവാൻ നേരം ഒരാൾ വന്നു പറഞ്ഞപ്പോൾ കഴുത്തിന് പിന്നിൽ അനുഭവപ്പെട്ട ചൂട് എന്റെ ഡയറി താളുകൾക്കേ അറിയൂ. ഞാൻ ഇങ്ങനെ അല്ല എന്ന് ലോകത്തോട് വിളിച്ചു പറയാൻ തോന്നിയതും ആ ചിന്തകൾ കവിതകളായി മാറിയതുമെല്ലാം എന്റെ ഡയറികളിൽ ഉണ്ട്. കവിത രചന മത്സരത്തിൽ പങ്കെടുക്കണം എന്ന് കരുതിയാലും ബെഞ്ചിൽ നിന്ന് എഴുന്നേൽക്കുവാൻ ധൈര്യം ഇല്ലാതിരുന്നതും പിന്നീട് അതോർത്ത് വിഷമിച്ചതുമെല്ലാം ആ ഡയറി താളുകൾക്കറിയാം; ആ ഡയറി താളുകൾക്കേ അറിയൂ.
'അമ്മ എപ്പോഴും പ്രാരാബ്ധങ്ങളുടെ പുറകെ ആയിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എന്റെ പ്രശ്നങ്ങളെല്ലാം അച്ഛനെഴുതും. ഒരു ദിവസം ബസിലെ കണ്ടക്ടർ തട്ടലും മുട്ടലും തുടങ്ങി. പ്രതികരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ, കഴിഞ്ഞില്ല. പേടിയായിരുന്നു; എല്ലാവരുടെയും മുന്നിൽ ഒച്ചയെടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു. അതാണ് സത്യം. നിവൃത്തി ഇല്ലാതായപ്പോൾ ബസിൽ പോക്ക് നിറുത്തി. മൂന്ന് സ്റ്റോപ്പ് ആണ് ഉള്ളത്. നടന്നാക്കി പോക്ക്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് കരഞ്ഞിട്ടുണ്ട്. എല്ലാം എഴുതി വെയ്ക്കും. കുറെ നാൾ കഴിയുമ്പോൾ വായിക്കും. വീണ്ടും വീണ്ടും വായിക്കും. അപ്പോൾ തോന്നും ചില കാര്യങ്ങളൊക്കെ കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന്. 'ഈ പെണ്ണെന്താ മിണ്ടാത്തെ' എന്ന് ചോദിച്ചവരെ അതിശയിപ്പിച്ചു കൊണ്ട് എല്ലാവരോടും നന്നായി സംസാരിക്കാമായിരുന്നു. കളിയാക്കിയവരുടെ മുന്നിൽ പൊട്ടിത്തെറിക്കാമായിരുന്നു. കൂട്ടത്തിൽ ഇരുന്നു ചിരിച്ചവരോട്, 'നിങ്ങളുടെ ചിരിയാണെന്നെ കൂടുതൽ വേദനിപ്പിച്ചത് ' എന്ന് പതുക്കെ എങ്കിലും പറയാമായിരുന്നു. ആ ബസ് കണ്ടക്ടർക്ക് കുട വെച്ചു ഒരു വീക്കെങ്കിലും കൊടുക്കാമായിരുന്നു. ഇഷ്ടമാണെന്ന് പറഞ്ഞവനോട് ഒന്ന് ചിരിക്കുകയെങ്കിലും ആവാമായിരുന്നു. കവിത രചന മതസരങ്ങളിൽ പങ്കെടുക്കാമായിരുന്നു. ഇന്നിപ്പോൾ, ഞാനെഴുതിയ കവിതകളെല്ലാം ആ ഡയറികളിലാണ്. ആ ഡയറികൾ ഇപ്പോൾ എവിടെയാവും ?
ചെളി കട്ട പിടിച്ചു കിടക്കുകയാണ്. ആരൊക്കെയോ ചേർന്ന് നടന്നു പോകാൻ പാകത്തിൽ വലിയ കട്ട കല്ല് ഇട്ടിട്ടുണ്ട്. തൊട്ടടുത്തുള്ള വീടുകൾ കണ്ടപ്പോൾ തന്നെ സംഭവിച്ചിരിക്കുവാൻ സാധ്യത ഉള്ളത് ഏകദേശം പിടികിട്ടി. അമ്മ വേഗത്തിൽ നടന്നു. ഞാൻ പുറകെ നടന്നു. ഇടവഴിയുടെ അറ്റത്ത് എത്തി. അടുത്തത് ഞങ്ങളുടെ വീടാണ്. മുറ്റത്ത് ഉണ്ടായിരുന്ന ചെറിയ ചെടി ചട്ടികൾ ഒന്നും തന്നെ കാണാൻ ഇല്ലായിരുന്നു. കുറച്ചു വലിയ ചെടികൾ ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുന്നു. ഗേറ്റ് കടന്നപ്പോൾ പാതി മണ്ണ് മൂടിയ എന്തോ ഒന്ന്. "എന്റെ ഉരുളി" എന്ന് പറഞ്ഞു അമ്മ അത് മാന്തിയെടുത്തു. "ദൈവമേ, എന്റെ ഉരുളി" അമ്മ വീണ്ടും പറഞ്ഞു. വേഗം അകത്തേക്ക് ഓടി; പുറകെ ഞാനും. ആകെയുള്ള കസേരകൾ ഒന്നും അവിടെ ഇല്ലായിരുന്നു. ടിവിയും മേശയും ഒന്നും ഇല്ല. അമ്മ എന്തൊക്കെയോ പറഞ്ഞു ഒച്ച എടുത്തു. ഞാൻ എന്റെ മുറിയിലേക്ക് ചെന്ന് നോക്കി. ആ രംഗം ഭയാനകമായിരുന്നു.
മുറിയിൽ എന്തോ രണ്ടു പാത്രങ്ങളും ഒരു തുണിയും കിടപ്പുണ്ട്. ബാക്കി ശൂന്യം. എന്റെ മേശ, അതിന്മേൽ ഇരുന്ന എന്റെ പുസ്തകങ്ങൾ, എന്റെ ബാഗ്, പിന്നെ എന്റെ ഡയറികൾ ഇവയൊന്നും അവിടെ ഇല്ലായിരുന്നു. ഒരു ഡയറി മേശയുടെ മുകളിലും ബാക്കി രണ്ടെണ്ണം മേശ വലുപ്പിലുമായിരുന്നു വെച്ചിരുന്നത്. മേശ തന്നെ ഇല്ല. രണ്ടു ചെവിയിലും എന്തോ ഇരമ്പിയാർത്ത പോലെ. ഒരു വലിയ സ്ഫോടനം എന്റെ നെഞ്ചിനകത്തു നടക്കുന്നത് പോലെ തോന്നി. ഇനി വീണ്ടും ഓർത്തു എഴുതാൻ പറ്റുമോ? ഇല്ല! കഴുത്തിന് പിന്നിൽ അതേ ചൂട്. പെട്ടെന്ന് വിയർത്തു പോയി. എല്ലാം നക്കി തുടച്ചു പ്രളയം പോയി. എഴുതിയിട്ടതൊക്കെ ഒരു തിര വന്നു മായ്ച്ചു കളഞ്ഞത് പോലെ. ഞാൻ ശൂന്യമാക്കപ്പെട്ടതു പോലെ. എന്റെ ആകെയുള്ള സമ്പാദ്യം കവർച്ച ചെയ്യപ്പെട്ടു. എന്റെ അച്ഛന് ഞാൻ എഴുതിയ കത്തുകൾ ഇനി ആര് തിരിച്ചു തരും. എന്റെ പ്രിയപ്പെട്ട മുറി, മറ്റാരുടേതോ പോലെ ആയി. മഞ്ഞ ശലഭങ്ങൾ പാറി നടന്ന, നീല നിലാവ് നിറം പകർന്ന എൻെറ മുറി. മഞ്ഞ ശലഭങ്ങൾ മൂക്കിൽ തൊട്ടുരുമ്മുന്നത് പോലെ തോന്നി. മൂക്കിൽ നിന്ന് കണ്ണിലേക്കു അവ അരിച്ചു കയറി. ഒരു പാട് ശലഭങ്ങൾ. പെട്ടെന്നു മുഖത്തേക്ക് എന്തോ വീണു. ഞാൻ പതുക്കെ കണ്ണ് തുറന്നു. ഞാൻ ബോധം കെട്ടു വീണിരിക്കുന്നു. അമ്മ അടുത്തുണ്ട്; അടുത്ത വീട്ടിലെ ചേച്ചിമാരും.
പ്രളയത്തിന്റെ ഭീകരത കണ്ട ആ പെൺകുട്ടി തല കറങ്ങി വീണു പോയി. പാവം! അതായിരുന്നു എല്ലാവരും മനസിലാക്കിയതിന്റെ ഉള്ളടക്കം. ഞാൻ നടുക്കത്തിലായിരുന്നു. ഇനി എവിടെ പോയി അന്വേഷിക്കും എന്റെ ഡയറികൾ. ഞാൻ നല്ല എഴുത്തുകാരി ആവുമെന്നും അത് കണ്ട് എല്ലാവരും അദ്‌ഭുതപ്പെടുമെന്നും എന്റെ അമ്മ പോലും അമ്പരന്നു പോവുമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നെ കല്യാണം കഴിക്കുന്ന ആൾ കഥകളും കവിതകളും ഇഷ്ടപെടുന്ന ആൾ ആവുമെന്നും എന്റെ ഡയറി കുറിപ്പുകൾ ഞാൻ കാണിച്ചുകൊടുക്കുമെന്നും ചിന്തിക്കുവാൻ എനിക്ക് ഇഷ്ടമായിരുന്നു. എന്റേത് ഒരു നിറം മങ്ങിയ ജീവിതമായിരുന്നുവെന്നു എനിക്ക് തോന്നിയിട്ടുണ്ട്. മങ്ങിയതെങ്കിലും അല്പമെങ്കിലും നിറം ചാർത്തിയത് ആ ഡയറികൾ ആയിരുന്നുവെന്നു ഞാൻ ഓർത്തു പോയി. സ്വപ്ന ലോകത്തേക്കുള്ള എന്റെ യാത്രകൾ ഒരു സംഗീതം പോലെ മനോഹരമായിരുന്നുവെങ്കിൽ, അതിന് നിറം ചാർത്തിയ വരികളായിരുന്നു എന്റെ ഡയറികൾ.
തൊടിയിലും പറമ്പിലുമെല്ലാം കുറെ പാത്രങ്ങളും മറ്റ് വീട്ട് സാധനങ്ങളും കിടപ്പുണ്ട്. എല്ലാവരും സ്വന്തം സാധനങ്ങൾ തെരെഞ്ഞെടുക്കുകയാണ്. അമ്മയുമുണ്ട് അവിടെ. ഞാൻ അങ്ങോട്ട് ചെന്നു്. "ഇപ്പൊ തലകറക്കം മാറിയോ?" ഒരു ചേച്ചി ചോദിച്ചു. "ആ, കുഴപ്പമില്ല" ഞാൻ പറഞ്ഞു. എന്റെ പുസ്തകങ്ങൾ കിട്ടി എന്ന് അമ്മ വിളിച്ചു പറഞ്ഞത് അപ്പോഴാണ്. എന്റെ നെഞ്ചൊന്നു തുടിച്ചു പോയി. ഞാൻ ധൃതിയിൽ അങ്ങോട്ട് ചെന്നു. കുറെ ടെക്സ്റ്റ് ബുക്‌സും നോട്സും, ഡയറി മാത്രം ഇല്ല. അപ്പോഴാണ് കണ്ടത് എന്റെ സ്റ്റഡി ടേബിൾ. അതിൽ രണ്ടെണ്ണം ഉണ്ടായിരുന്നു. അത് തല കുത്തനെ കിടക്കുകയാണ്. ഞാനത് മറിച്ചിട്ടു. അതാ ഒരു ഡയറി. നനഞ്ഞു കുതിർന്നു ചെളി പിടിച്ചു പോയി. അക്ഷരങ്ങളിലെല്ലാം നനവ് പടർന്നിരിക്കുന്നു. ഒന്നും വായിക്കുവാൻ വയ്യ. ഞാനതു നെഞ്ചോടു ചേർത്ത് പിടിച്ചു. കണ്ണ് നിറഞ്ഞു പോയി. പിന്നീട് ഒരെണ്ണം കൂടി ചെളിയിൽ പുതഞ്ഞു പോയ നിലയിൽ കണ്ടെത്തി. ഞാൻ നിലത്തിരുന്നു പൊട്ടി കരഞ്ഞു പോയി. നെഞ്ചിൽ നല്ല ഭാരം. ഇതെല്ലം അച്ഛനോട് പറയണം എന്നോർത്തു. പക്ഷെ, ഇത് വരെ എഴുതിയത്. .. ഇനി ഒരു മടങ്ങി വരവ് ഇല്ലാതെ അത് പോയല്ലോ എന്നോർത്ത് ഞാൻ വീണ്ടും കരഞ്ഞു.
ഡയറികൾ നല്ലതു പോലെ വെയിലിൽ ഉണക്കി എടുത്തു. എല്ലാം നനഞ്ഞു പോയിരുന്നല്ലോ. ഒന്നും വായിക്കുവാൻ സാധ്യമല്ല. ഒരെണ്ണം കിട്ടിയതുമില്ല. ഓരോ പേജുകൾ കീറി എടുത്തു. കീറി കീറി കൂട്ടിയിട്ടു കത്തിച്ചു. ഓർമ്മകളും സങ്കൽപ്പങ്ങളും ആശയും നിരാശയും വേദനകളും കത്തുകളും ജീവിതത്തിന്റെ നല്ല ഒരു ഭാഗവും കത്തി തീരുന്നതു നോക്കി നിന്നു. ചാരം ഒരു ഡപ്പിയിലാക്കി. കുറെ നാളുകൾക്കു ശേഷം കുളിച്ചു. ഡപ്പിയിൽ നിന്നും ചാരം വിരലിൽ തൊട്ട് ഒരു കുറിയായി നെറ്റിയിൽ ചാർത്തി. കിട്ടാതെ പോയ ഡയറി മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാവുമെന്നും ചെടികളും പൂക്കളും കായ്കളും എന്റെ ഓർമ്മകളുടെയും സങ്കല്പങ്ങളുടെയും സുഗന്ധവും രുചിയും വർധിപ്പിക്കുമെന്നും ഞാൻ ചിന്തിച്ചു. മഞ്ഞ ശലഭങ്ങൾ അതിനു ചുറ്റും പാറി പറക്കുന്നത് ഞാൻ സ്വപ്നം കണ്ടു. പ്രളയത്തിന്റെ അവശേഷിപ്പുകൾ തേടി ഞാൻ അലഞ്ഞു. മഞ്ഞ ശലഭങ്ങളെ തേടി ഞാൻ നടന്നു. നെറ്റിയിൽ ചാര നിറമുള്ള കുറിയും ഇടത്തെ കയ്യിൽ കുഞ്ഞു ഡപ്പിയും പിടിച്ചു കൊണ്ട് ആകാശത്തേക്കു നോക്കി നടന്നു. നീല നിറമുള്ള നിലാവുള്ള ആകാശം. മഞ്ഞ ശലഭങ്ങൾ പാറിപ്പറക്കുന്ന പൂമരച്ചുവട് തേടി ഞാൻ നടന്നു കൊണ്ടിരുന്നു. അവിടെ ഈ ഡപ്പിയിലെ ചാരവും സമർപ്പിക്കണം.
Comments
Post a Comment